Wednesday, September 1, 2010

മുംബൈ വാല

ഹം മുംബൈ മെ ആക്കര്‍ ബഹുത്ത് 'കഷ്ടപെട്ട' ആത്മി ഹെ......പറഞ്ഞു തുടങ്ങിയാല്‍ നിര്‍ത്തൂലാ പഹയന്‍ ....
ഞമ്മടെ ഈ കടുകിനെ എങ്ങനാ ഹിന്തീല് .....മമ്മദ്‌ കാ കടുക്‌ പാക്കറ്റ് ചൂണ്ടി ചോദിച്ചു ....

ബഹുത്ത് ആസാന്‍....തേല്‍ മെ ദാലേഗ 'ചട് പിട് ചട് പിട് '

കവലയിലെ മമ്മദ്‌ കാന്‍റെ പലചരക്ക് കട ഹിന്ദി പ്രജാരക്സഭ യുടെ ക്ലാസ്സായത് പെട്ടന്നായിരുന്നു.....

മലയാളത്തില്‍ പേരെഴുതാന്‍ അറിയാത്ത തയ് കെളവന്‍മാര്‍ വരെ ഇപ്പം ഹിന്ദി മേം ബാത്ജിത് കര്‍ത്താ ഹെ ..ഹും ...

ഘോഷെന്ന പുതു താരം നാട്ടില്‍ വാര്‍ത്തയായി ......

ഓന്‍ നമ്മടെ ദോസ്താണ് , നാട്ടില്‍ പട്ടിണി കിടന്നു മടുത്തപ്പോ ...ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ഘോഷ് തീവണ്ടി കയറി

ഞങ്ങടെ ഗ്രാമത്തിലെ ആദ്യ നാട് വിടല്‍ ..മുന്‍പും ഒരിക്കല്‍ അവന്‍ നാട് വിട്ടിരുന്നു സൈക്കിളില്‍ .....അലുവയിലെത്തി സൈക്കിള്‍ സ്റ്റാന്റില്‍ വച്ച് ചായകുടിക്കാന്‍ കയറി ...ഏതോ ഒരു കള്ളപഹയന്‍ ഓട്ടോ തിരിക്കാന്‍ സൈക്കിള്‍ എടുത്തു മാറ്റിവച്ചു ......ദിശ തിരിഞ്ഞത് അറിയാതെ ഘോഷ് ആഞ്ഞാഞ്ഞു ചവിട്ടി നാടും വീടും പിന്നിലാക്കി കൊണ്ട് ..........ദാണ്ടെ ആലുവ കഴിഞ്ഞിട്ട് ഒരു അങ്കമാലി. കൂടി പഹയന് ആവേശമായി എന്നാ ചാലക്കുടിയും കാണും ....അമ്മേരിക്ക കണ്ട കൊളംബസ്സിനെപോലെ തന്‍റെ രണ്ടാമത്തെ വീടും ഘോഷന്നു കണ്ടുപിടിച്ചു ......ഇത്തവണ പിഴച്ചില്ല ചെന്നിറങ്ങിയ ഇടം മുംബൈ ആണെന്ന് വഴിയില്‍ കണ്ട ഏതോ മലയാളി പറഞ്ഞാണ് അറിഞ്ഞത്......പിന്നെയൊരു കറക്കമായിരുന്നു ..........

അന്ധേരി മേം റെഡ്‌ സ്ട്രീറ്റ്‌ മേം .......



ഉധര്‍ ബാരിഷ്‌ എസാ നഹി .. ജോപ്പട്ട് മേം മുട്ടോളം പാനി ആയേഗ ...മുംബൈ കഥകള്‍ കേട്ട്

കേട്ടവര്‍ കേട്ടവര്‍ വാ പൊളിച്ചു ........അങ്ങനെ മണ്ടന്‍ ഘോഷ് മുംബൈ ഘോഷായി ......

പാഞ്ചി ചേട്ടാ .......ചേട്ടന്‍റെ കയ്യിന്നു പണ്ട് കടം മേടിച്ച അഞ്ഞൂറ് റുപ്പീസ്

‘അഭി ഹമാര തുമാര ബീച്ച് മേം കോയി എടപാട് നഹി ഹെ’............

പാഞ്ചി യും വാ പൊളിച്ചു ........

മേം ഉദര്‍ ചോട്ടാ രാജ് ക ബായി ഹാത്ത് ത .................

ബഹുത് പ്രോബ്ലം ഹെ മുംബൈ മേം ജിനേ കേലിയെ ..........


ഹൈവേ ബാറിലെ ഒഴിഞ്ഞ കോണില്‍ ഞങ്ങള്‍ ....കണ്ണന്‍ ,ഞാന്‍..... ഘോഷ്

ഒറ്റകണ്ണന്‍ ബ്രാന്‍ഡി ഒരു കുപ്പി അവസാന ഭാഗം ..........

കണ്ണാ... ഗലിയിലെ മേട്ടയുടെ ഒറ്റ മോള് ...ഒരു മറാത്തി ....കൊഴപ്പില്ല കാണാന്‍ ....ഓള്‍ക്ക് ..എന്നോട് മുടിഞ്ഞ പ്രേമം.........അവളും ...അവള്‍ടെ തന്തപ്പിടിയും കരഞ്ഞു കാലുപിടിച്ചു കെട്ടാന്‍ പറഞ്ഞു ,,,,,,,,,,,,കാര്യം കഴിഞ്ഞ പിന്നെ നമുക്കെന്നാത്തിനാ ..............ഞാന്‍ പോവാന്‍ പറഞ്ഞു അല്ല പ്പിന്നെ ...........അന്ന് വിട്ടതാ ......

വെടി പൊട്ടുന്ന ഒച്ചയില്‍ ഞാന്‍ സോഡാ പൊട്ടിച്ചു .....................



ദിവസങ്ങള്‍ പൊഴിഞ്ഞു വീണു ..........ഘോഷ് ഇന്ന് വാര്‍ത്തയല്ല .........

ആപ് നഹി വാപ്പസ് ജാത്താ മുംബൈ മേം .............

നഹി ,,നഹി

ചോദ്യങ്ങള്‍ ആചാര വെടി പോലെ ആളുകള്‍ ചോദിക്കുന്നു ..........

ഉത്തരങ്ങള്‍ അവര്‍ തന്നെ പറയുന്നു ഘോഷ് ഇളിഭ്യനായി




ഹൈവേ ബാറിലെ ഒഴിഞ്ഞ കോണില്‍ ഞങ്ങള്‍ ....കണ്ണന്‍ ,ഞാന്‍..... ഘോഷ്

ഒറ്റകണ്ണന്‍ ബ്രാന്‍ഡി കുപ്പി അവസാന ഭാഗം ..........

കണ്ണാ... ഗലിയിലെ മേട്ടയുടെ ഒറ്റ മോള് ...ഒരു മറാത്തി ....കൊഴപ്പില്ല കാണാന്‍ ... ..എനിക്ക് അവളോട്‌ മുടിഞ്ഞ പ്രേമം.........അവളും ...അവള്‍ടെ തന്തപ്പിടിയും പറഞ്ഞു കാലുതല്ലി ഒടിക്കുമെന്നു ........ഒരു ദിവസം പിടിച്ചു കെട്ടാന്‍ വന്നു ,,,,,,,,,,,,തല്ലി കൊന്നാലോ..............കൂടെ താമസിക്കുന്നൊരു പോവാന്‍ പറഞ്ഞു ...........അന്ന് വിട്ടതാ ......

വെടി പൊട്ടുന്ന ഒച്ചയില്‍ ഞാന്‍ സോഡാ പൊട്ടിച്ചു .....................ചേട്ടാ ഒരു ഫുള്ള് കൂടി ........


ഹം മുംബൈ മെ ആക്കര്‍ ബഹുത്ത് 'കഷ്ടപെട്ട' ആത്മി ഹെ......പറഞ്ഞു തുടങ്ങിയാല്‍ നിര്‍ത്തൂലാ പഹയന്‍


....

പെരുമ്പാമ്പും, യക്ഷിയും ....എന്‍റെ ചപലതകളും

പെരുമ്പാമ്പും, യക്ഷിയും ....എന്‍റെ ചപലതകളും
ആ പെരുമ്പാമ്പ്........... ,

എന്‍റെ ഹൃദയ തന്ത്രിയെ ചുറ്റി

പിണഞ്ഞ് ഇന്നീ ഇരുണ്ട രാത്രി തന്‍

നിഴല്‍ ച്ച്ചായയില്‍ എന്‍ പായ

തലപ്പിലായ്‌ കുടിയിരിപ്പൂ .......


സമയം .........

നിന്‍ സമയമായെന്നു ആരോ ,

ഉറക്കെ പറയുന്ന മാതിരി ,

ഞെട്ടിയുണര്‍ന്നു ഞാന്‍ നോക്കി ..

ഘടികാരത്തിനടുത്തൊരു യമകിങ്കരന്‍........


യാത്ര ........

നാലുപേര്‍ ചേര്‍ന്നെന്‍ തേര്,

ഉയര്ത്തുന്നതായ്‌ തോന്നി, ഞാന്‍ നോക്കി

മൊബൈലിലാരോ ഉറക്കെ പറയുന്നു

ആംബുലന്‍സിന്‍ ടയര്‍ പന്ച്ജര്‍ ആയെന്നു .....


പരസ്യം ............


രക്തമിറ്റുന്ന കോംബല്ലിന്‍ മുന നക്കി ,

യക്ഷിയവള്‍ ഊറിച്ചിരിച്ചു ....പരസ്യം പറഞ്ഞു

നന്ദി ...വിറ്റാമിന്‍ നിറഞ്ഞ ബോട്ടില്‍ രക്തം

തന്ന അമേരിക്കന്‍ കമ്പനിക്കും ,കേരള ജനതക്കും

യെ ദില്‍ മാന്ഗെ മോര്‍ ...ആഹ

ഒളിഞ്ഞു നോട്ടം ,ഇന്നലെകളിലേത് .....

.ഇതൊരു തുടര്‍ച്ചയാണ് ........കഥ തുടങ്ങുന്നത് ഈ അടുത്ത സമയങ്ങളിലോന്നുമല്ല ..........ശരിക്ക് പറഞ്ഞാല്‍ ബ്ലൂടൂത്തുക ള്‍ക്കും ,ബ്ലൂ സിഡികള്‍ക്കും മുന്നേ ,കൊച്ചു പുസ്തകങ്ങളും ,എഴുപതു എം എം ഉച്ചപ്പടങ്ങള്‍ ,അരങ്ങുവാണ സമയത്തിനും മുന്‍പേ ,ഷക്കീലയുടെ കാതരക്കും ,കിന്നരാതുംബികള്‍ക്കും വളരെമുന്നു ,ജയഭാരതിയുടെ രതിനിര്‍വേദത്തിനു ശേഷം നാട്ടില്‍ യുവജനങ്ങള്‍ക്കും ,വയസന്മാര്‍ക്കും ഇടയില്‍ നിലനിന്നിരുന്ന അരക്ഷിതാവസ്ഥ ഭയാനകമായ രീതിയില്‍ വലുതായിരുന്നു ....കുളക്കടവുകളിലും ,കുളിമുറികളിലും,കിടപ്പറകളിലും എത്തിനോക്കി കാലം കഴിച്ചവര്‍ ...ഇന്നത്തെ രിതിയിലുള്ള ആധുനിക സ്റൊരെജ് മൊബൈല്‍ സംവിധാനങ്ങള്‍ അന്ന് നിലവില്ല ....സ്വയം ലൈവ് കാണുക എന്നതിലുപരി ജനസേവനാര്‍ത്ഥം പ്രജരണ പ്രവര്‍ത്തനങ്ങള്‍ അന്ന് നിലവിലില്ല .......ഇവിടെ യാണ് കഥ തുടങ്ങുന്നത് ........ചാലക്കുടി സിറ്റി യിലെ സുരഭി തിയേറ്ററില്‍ പടം മാറി രണ്ടാം വാരം ....മോഹന്‍ലാലിന്റെ കിലുക്കം തകര്‍ക്കുന്നു .......സെക്കന്റ്‌ ഷോ ...ബസ്‌ പിടിക്കാന്‍ മേലൂര്‍ ഗ്രാമത്തിന്റെ ഇടവഴികളിലൂടെ ഒരു യാത്ര .......സമയം എട്ടരകഴിഞ്ഞു ....ഞായറാഴ്ച ആയതുകൊണ്ട് വഴി വിജനമാണ് ...........ബസ്‌ സ്റ്റോപ്പില്‍ മറ്റും ആരും തന്നെ യില്ല ...ചാലക്കുടിക്കുള്ള അവസാന ആനവണ്ടി പ്രതിഷിച്ചു ഇത്തിരിനേരം ........

....എനിക്ക് മുള്ളണം ......ഘോഷിന് അത്യാവശ്യമാണ്

ഷമിക്കണം ഞാന്‍ ഒറ്റക്കായിരുന്നില്ല എനിക്കൊപ്പം കണ്ണനും ,ഘോഷ്‌ മോനും ഉണ്ട് സിനിമക്ക്‌ ....

ബസ്‌ സ്റൊപ്പിനടുത്ത് ഇലട്രിസിറ്റി ബോര്‍ഡിന്‍റെ ഒടിയാറായ തേക്കു പോസ്റ്റിലെ നൂറു വാട്ട് ബള്‍ബിന്റെ പ്രകാഴാധാരക്കപ്പുരതേക്ക് ഘോഷ്‌ നടന്നു നിങ്ങി .........

നിനക്ക് ഇവിടെയെങ്ങാനും സാധിക്കരുതോ .....കണ്ണന്‍ ചോദിച്ചു .........

മറുപടിയില്ല..........

ഒരു നിമിഷത്തിന്റെ നിശബ്തതയെ കിറിമുറിച്ചു ആക്രോശങ്ങള്‍ ഭയാനക ശബ്ദങ്ങള്‍ ..........

എന്റെ പെണ്ണ് കുളിക്കുന്നിടത്ത് എത്തിനോക്കുന്നോട തെണ്ടി ........

അയ്യോ .........

അവന്‍ വെളിച്ചത്തിന്‍റെ മാറിടത്തിലെക്ക് തെറിച്ചുവന്നു ........മൂന്നാലന്ജ് പേര്‍ അവനെ പൊക്കിയെടുത്തു..........

അയ്യോ ചേട്ടാ ഞാന്‍ ഒറ്റക്കല്ല ലവരുമുണ്ടേ ........ബസ്‌ സ്റൊപ്പിലേക്ക് ചൂണ്ടിക്കാട്ടി ഉറക്കെയുറക്കെ പറഞ്ഞുകൊണ്ടിരുന്നു ...............അപകടം മനസിലാക്കി ഇരുട്ടിലേക്ക് ഊളിയിട്ട്ടു തടിരക്ഷിച്ചു .......ഒരുറ നിറയെ പഴങ്ങളുമായി ആശുപത്രിപടികയറി ചെന്നപ്പോള്‍ പോട്ടിനുരുങ്ങിയ എല്ലുകളുമായി അവന്‍ ഞങ്ങളെ വരവേറ്റു .........

എന്തിനാട നീ ഞങ്ങളെ ചൂണ്ടികാട്ടിയത് ........

ഞാന്‍ ചെന്ന് നിന്നത് ഒരു മറപുരക്ക് പിന്നിലായിരുന്നു .......ഒരുത്തന്‍ വന്നു കഴുത്തിനു കുത്തിപിടിച്ചു .......ചുമ്മാതെ ഞാന്‍ മാത്രം എന്തിനാ തല്ലു മേടിക്കണേ നിങ്ങള്‍ക്ക് കിട്ടികൊട്ടെ എന്ന് കരുതി ...........അത്രമാത്രം .........

ഒളിഞ്ഞു നോക്കുന്നവന് കിട്ടേണ്ടത് ആ പാവം ഒറ്റയ്ക്ക് മേടിച്ചു കൂട്ടി........

അവളെ ഞാന്‍ വിളിച്ചപ്പോള്‍........

നാലാമത്തെ പെഗ്ഗില്‍ എന്‍റെ തല പെരുത്തുതുടങ്ങിയിരിക്കുന്നു .മദ്യം തലയ്ക്കു പിടിക്കുമ്പോള്‍ അയ്യാള്‍ എന്തു ചെയ്യുകയായിരിക്കും ,ലക്ഷങ്ങള്‍ ലോണെടുത്ത് ഒരു എക്സ് ഗള്‍ഫുകാരന്‍ കോഴി ഷെഡും ,റെന്റ് എ കാറും തുടങ്ങുമ്പോള്‍ സ്വപ്നം കണ്ടത് എന്തായിരിക്കും. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം ഞാന്‍ ഇന്ന് എഴുതി തുടങ്ങി,ലഹരി അത് ഇന്നെന്നോട് തോറ്റു,തികച്ചും യദ്രിച്ചികമായിഞാന്‍ ഇന്ന് മദ്യപാനത്തെ വെറുത്തു ...........കാരണം ഞാന്‍ അവളെ സ്നേഹിച്ചിരുന്നു ........ഈ മദ്യത്തെക്കാള്‍ അധികം,അവള്‍ കണ്ടിട്ടും കാണാതെ ,അനുഭവിച്ചിട്ടും മനസിലാക്കാതെ എന്‍റെ പ്രണയം അവളെ തഴുകി കടന്നു പോയി ...ആള്‍കൂട്ടത്തില്‍ അവള്‍ ആരെയോ തിരയുന്നുണ്ടായിരുന്നു ....ഞാന്‍ ,അല്ല എന്നെ അവള്‍ കണ്ടില്ല .....എന്നിലെ കാമുകനെയും ....അവളുടെ കണ്ണിന്‍മുന്‍പില്‍ ,എന്‍റെ കണ്ണ് ചേര്‍ത്ത് വച്ച് പ്രണയം ഞാന്‍ പറഞ്ഞിട്ടും അവള്‍ അത് കണ്ടില്ല ........വര്‍ഷങ്ങള്‍ക്കിപ്പുറം പ്രവാസ ജീവിതത്തിന്റെ ഏകാന്തതയില്‍ ഇന്ന് ഞാന്‍ എന്‍റെ ആ പഴയ കൂട്ടുകാരിയെ വിണ്ടും വിളിച്ചു .......മുന്‍പും പലപ്പോഴും ഞാന്‍ അവളെ വിളിച്ചിട്ടുണ്ട്.പൂവലാന്റെ ചങ്കിടിപ്പോടെ , മരുഭൂമിയിലെ നിരുറവ പോലെ 'ഞാന്‍ ജോലിതിരക്കിലാണ് 'അവളുടെ ആ രണ്ടു വാക്കില്‍ ഒതുങ്ങുന്ന മറുപടി ഞാന്‍ ആസ്വദിച്ചിരുന്നു .ഇന്നവള്‍ എന്നോട് വളരെ നേരം സംസാരിച്ചു ............

ആന്ത്രപ്രധേശിലെ ഏതോ ഒരു ഹോസ്പിറ്റലില്‍ നേഴ്സ് ആണിന്നവള്‍,ബോണ്ട് ചെയ്യുന്നു .........

ഒരു ഗള്‍ഫുകാരന്‍റെ മകള്‍ എന്ന ആദരവ് പ്ലസ്‌ടു പഠന കാലത്ത് എനിക്കവളോട് ഉണ്ടായിരുന്നു ....ഗള്‍ഫുകാരുടെ സുഗലോലുപത എന്നെ അന്ന് വല്ലാതെ ആകര്‍ഷിച്ചിരുന്നു .....മൂന്നര വര്ഷം എന്നെ വല്ലാതെ മാറിയിരിക്കുന്നു .........ഞാന്‍ വന്നതിനു മുന്‍പോ ശേഷമോ അയ്യാള്‍ ഇവിടെ നിന്ന് എടുത്തെറിയപ്പെട്ടു........ജിവിതം മൂന്നു പെണ്‍മക്കള്‍ക്കും ഭാര്യക്കുമൊപ്പം അയ്യാളെ തുറിച്ചു നോക്കിയിരിക്കും ...കയ്യില്‍ ഒന്നുമില്ലാതെ അയ്യാള്‍ പകച്ചു നിന്നിരിക്കും .....മദ്യം എന്‍റെ ആഘോഷമായപ്പോള്‍ അയ്യള്‍ക്ക് അതൊരു മരുന്നായിക്കാണും ,..അവള്‍ എന്നോട് ഡാഡിയെ കുറിച്ച് പറയുമ്പോള്‍ ശബ്ദം ഇടറുന്നുണ്ടായിരുന്നു...എന്‍റെ ഹൃദയവും .......ഞാന്‍ തെറ്റുകാരന്നാണ് .........മമ്മിയുമായി വഴക്കിട്ട് നടക്കുന്നു .....രണ്ടാമത്തെ അനിയത്തി മടത്തില്‍ ചേര്‍ന്നു.....അവള്‍ വിങ്ങി .....ഇളയ അനിയത്തിയെ നേഴ്സ് ങ്ങിനു ചേര്‍ക്കണം.എനിക്കും ജിവിക്കന്നം .....അവളുടെ ശബ്ദം ആത്മവിശ്വാസത്തിന്റെതായിരുന്നു .....മനസ്സില്‍ ഞാന്‍ സന്തോഷിച്ചു....അവള്‍ പക്വമായി സംസാരിക്കുന്നു .....പത്രത്താളുകളില്‍ നിന്ന് ഒരു കൂട്ട ആത്മഹത്യ ഒഴിഞ്ഞു പോയിരിക്കുന്നു....എന്‍റെ എല്ലാ ഭാവുകങ്ങളും ..........ഇന്നും ഞാന്‍ അവളോട്‌ പറഞ്ഞില്ല നിന്നെയെനിക്ക് ഒത്തിരി ഇഷ്ടമാണെന്ന് ....കാരണം ഞാന്‍ മദ്യത്തിന്‍റെ ലഹരിയിലാണ് .......അഞ്ചാമത്തെ പെഗ്ഗില്‍ ചുണ്ടോടു ചേര്‍ത്ത് ഞാന്‍ മനസ്സില്‍ പറഞ്ഞു ഇന്നാണ് ഞാന്‍ ശരിക്കും പ്രണയിച്ചു തുടങ്ങിയത് ........

മാറിനടക്കാന്‍ മനസ്സ് പറഞ്ഞു .......മാറിനടക്കണം..വയ്കാതെ.

ഉണരുമ്പോള്‍ ഞാന്‍ അന്ധനാണെന്ന്,
വരുത്തി തീര്‍ക്കുവാനവരെനിക്ക് ,
ചുറ്റിലെ ദീപനാളങ്ങള്‍ ,ഊതിയൂതിയണച്ചു.

അധരച്ചലനത്തിലെ ശബ്ദം വെടിഞ്ഞവര്‍
എന്‍റെ കര്‍ണപടത്തില്‍ ബധിരത ,
തള്ളി നിറച്ച് നിശബ്ദട്ടഹാസം മുഴക്കി .

എന്‍ ശബ്ദവീചികള്‍ക്ക് കാതുകള്‍ നല്‍കാതെ ,
കുറുനാവില്‍ മൂകത തളംകെട്ടി ,
നിക്കുകയാനെന്നു വരുത്തി ,

ഹൃദയത്തില്‍ നിന്ന് വിപ്ലവം അധരതിലെത്തി .
കരത്തിലും,കരളിലുമെത്തി.
പൊട്ടിചെറിയുവാന്‍ ചങ്ങല കെട്ടുകള്‍ ,
തേടിയലഞ്ഞു ഞാന്‍ .....

മതങ്ങളും, രാഷ്ട്രിയ ചിന്തകളും ,
ഉത്തരവുമായി മുമ്പേ നടന്നു ..
മുഷ്ടി വിടര്‍ത്തിയും ,ചുരുട്ടിയും
ഞാന്‍ പിന്‍പേ നടന്നു .

എന്നിട്ടും അവരെന്റെ സ്വപ്നങ്ങള്‍ക്ക്
അളവുകോല്‍ എഴുതി നല്‍കി.
വീണ്ടും എന്‍റെ കാഴ്ച മങ്ങുന്നു .
ചെവികളടയുന്നു......

മാറിനടക്കാന്‍ മനസ്സ് പറഞ്ഞു .......
മാറിനടക്കണം..വയ്കാതെ

Wednesday, February 10, 2010

നിശബ്ദ്ത

വെളുപ്പന്‍ കാലത്ത് മുതല്‍ അടിഞ്ഞു കൂടിയ മിസ്സ് കൊളുകള്‍ ഒരൊന്നായി തുടച്ചു നീക്കി...........

ഉമ്മറ പടിയില്‍ ചടഞിരുന്ന അയ്യാള്‍ വായനാസുഖം ഇന്നലേ പൊഴിഞ്ഞു പൊയ പത്രതാളുകളില്‍ തലയിട്ടു .........

...........ഇന്ന് വന്നില്ലേ.....

...........അകത്തു കാണും..........

അവള്‍ക്ക് മുന്നിലൂടെ ചപ്പ് ചവറുകള്‍ മുറ്റത്തെ ഒരു കോണില്‍ നിന്ന് മറ്റൊരു കോണിലെക്കു യാന്ത്രിക മായി നീങ്ങി.......

...........ചായക്ക് ഒന്നൂലെ .........

നിശബ്ദ്ത അയ്യാളുടെ മനസ്സിന്റെയും ഉദരത്തിന്റെയും വിശപ്പകറ്റി......

..........റം ഇച്ചിരി കൂട്യാലും കൊഴപ്പ........വയറ് വെറുക്കും .......മനസ്സും........അയ്യളുടെ ആത്മഗതം പല്ലി ശരിവച്ചു......

.........കഞ്ഞി എറങ്ങണില്ലാലെ..........

.........മ്മ്...........

.......ഇച്ചിരി ചമ്മന്തി........

പാത്രങ്ങള്‍ അയ്യാള്‍ക്ക് പിന്നാലെ അടുക്കള യിലേക്ക് പോയി .....

.........ഞാന്‍ പൊറത്ത് പോണ് വല്ലതും വാങ്ങണൊ........

..............................................

.........ഇതെന്താ തേച്ചില്ലെ..............

...............................................

..........എടീ നിന്റെ നാവെന്താ എറങ്ങി പോയോ?......

..........................................

അകന്നു പോയ ബൈക്കിനു പിന്നില്‍ നിന്ന് കറുത്ത പുകച്ചുരുളുകല്‍....... ഒരു കുഞ്ഞു പുകമറ .......അല്പ്സമയം മാത്രം........

യന്ത്രത്തിന്റെ കരകര ശബ്ദം ആവാഹിചെടുത്ത് അവള്‍ പാത്രങ്ങളുടെ കരകരപ്പിലേക്കു ഊഴ്ന്നിരങ്ങി........

Saturday, February 6, 2010

ഒരു സഹായത്തിന്റെ സുഖം ...

ഞാന്‍ ഒരു മാന്യനാണെന്നു പറയുന്നില്ല പെണ്‍ വിഷയത്തില്‍ താല്‍പര്യകുറവുമില്ല .........
ഉത്സവപറമ്പിലും,പള്ളി പറമ്പിലും,തിരക്കുള്ള ബസ്സിലും ,പത്തു പെണ്ണുങ്ങള്‍ കൂടുന്നിടത്തൊക്കെ..........എക്സ്ട്രാ കരിക്കുലം ആക്ടിവിറ്റികളുമായി കറങ്ങിത്തിരിഞ്ഞ് നടക്കുന്നത് ......... ഞാന്‍ പലപ്പോഴും അതിനെ പറ്റി ചിന്തിച്ചിട്ടുണ്ട്..പക്ഷെ മെനകെട്ടിട്ടില്ല.........കഴിയാഞ്ഞിട്ടല്ല .ശ്രമിച്ചില്ല .........അത്രതന്നെ..........

പ്ലസ്‌ടു പഠന കാലത്ത്‌ ദിര്‍ഘദൂര ബസ്സ്‌ യാത്രകള്‍ ആവശ്യമായിരുന്നു.അന്ന് ഞാന്‍ മോസ്റ്റ്‌ സിനിയര്‍ ആണ് എനിക്ക് അന്ന് വയസ്സ് പതിനെട്ടു കാരണം I.T.I യിലെ രണ്ടു വര്‍ഷത്തെ മഹത്തായ പഠനത്തിനു ശേഷമാണ് പ്ലസ്‌ടു ന് ചേരുന്നത് ......


ആ സമയങ്ങളില്‍ ബസ്സിലും ,ബസ്സ്‌ സ്റ്റോപ്പ്‌ കളിലും നില്‍ക്കുന്ന തരുണിമണികളുടെ കണെക്കെടുക്കാന്‍ എന്നേക്കാള്‍ അവര്‍ക്കാണ് ആവേശം ....എന്നേക്കാള്‍ മൂന്നു വയസ്സിനു താഴെ യുള്ള എന്റെ സഹപാഠികള്‍ക്ക്......

പത്താംതരം കഴിഞ്ഞു I.T.I യിലേക്ക് ചേക്കേറിയപ്പോള്‍ എനിക്ക് ലഭിച്ച നല്ല പെണ്‍സൌഹൃദങ്ങള്‍ പിന്നിട് പലപ്പോഴും എന്റെ ജീവിതത്തെ വല്ലാതെ സ്വോധീനിച്ചിട്ടുണ്ട്.പെണ്ണ് എന്താണെന്നും അവരുടെ സ്വപ്‌നങ്ങള്‍ എന്താണെന്നും ഞാന്‍ അറിഞ്ഞത് അവിടെ വച്ചാണ് .........


....ഏകദേശം പത്തിരുപത്തഞ്ചു കി.മി... യാത്ര ചെയ്താണ് സ്കൂളില്‍ എത്തുന്നത്, അതിനിടയില്‍ ബസ്സില്‍ കയറിയിറങ്ങുന്നത് മൂന്നു ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പെണ്‍കുട്ടികള്‍....കുട്ടിബസ്സില്‍ മുന്നിലൂടെയും പിന്നിലൂടെയും അവര്‍ അരിച്ചിറങ്ങുമ്പോള്‍ തൈകിളവന്‍ മാര്‍ വരെ വാലുപൊക്കും,പിന്നെയാണ് പിള്ളേര് .......
സാഗര്‍ അലിയാസ് ജാക്കിമാര്‍ നിറഞ്ഞാടും.. ഒരു രൂപ കോയന് വേണ്ടി അട്ടിയിട്ട ചന്തികള്‍ക്കും മുലകള്‍ക്കും ഇടയിലൂടെ കയ്കളുമായ് ഊഴ്ന്നിറങ്ങി കണ്ടെക്ടര്‍ പലകുറി റോന്തു ചുറ്റും .....

എന്നോടൊപ്പമുള്ളവര്‍ വയോവൃദ്ധര്‍ക്ക് സീറ്റ് ഒഴിഞ്ഞു കൊടുത്തു ആ തിരക്കിലേക്ക് ഊളിയിടും ..........ഞാന്‍ അതിനു നില്‍ക്കാറില്ല ......ചന്തിക്ക് ഒട്ടി നിന്നാല് എന്താണ് കിട്ടുന്നത്, ഒരു സുഖം..........ആ എനിക്കറിയില്ല ....... എന്ത് സുഖമാണതെന്ന് .............


കനത്ത മഴയുള്ള ഒരു ദിവസം ഞങ്ങള്‍ക്ക് മുന്നില്‍ ഒരു ബസ്സ്‌ ഉണ്ടായിരുന്നില്ല ,തിരക്ക് വര്‍ദ്ധിച്ചു എന്റെ സീറ്റ് ഒരു വെല്ലിപ്പന്‍ സ്വന്തമാക്കിയപ്പോള്‍ ഞാന്‍ മുന്നിലേക്ക്‌ നീക്കപ്പെട്ടു.ഒരു പെണ്‍കുട്ടിക്ക് തൊട്ടു പിന്നിലായി ഞാന്‍ എത്തി.അവള്‍ എന്നിലേക്കും ഞാന്‍ അവളിലേക്കും അടുത്തടുത്ത് വന്നു.അകലം പിടിക്കാന്‍ കയ്കരുത്ത് മതിയായില്ല .അവളുടെ മുഖം വാടുന്നതു ഞാന്‍ ശ്രദ്ധിച്ചു ,തിരക്ക് കൂടിയപ്പോള്‍ എന്നിലെ മാന്യന്‍ ഉണര്‍ന്നു........... ഇരിന്നിരുന്ന കൂട്ടുകാരിയുടെ കയ്യില്‍നിന്നു ബാഗ്‌ വാങ്ങി പിന്നില്‍ തൂക്കികൊള്ളാന്‍ ഞാന്‍ അവളോട്‌ പറഞ്ഞു.....ആ തിരക്കിനിടയില്‍ അതിനുള്ള സ്ഥലം ഞാന്‍ കൊടുത്തു....അപ്പോഴേക്കും ഞങ്ങളെ ജനങ്ങള്‍ ചേര്‍ത്ത് വച്ചു അനങ്ങാന്‍ കഴിയാത്തവിധം അട്ടിക്ക്‌ ആളുകള്‍ കയറുന്നു ............

പോള്ളുകയാണടിവയറും താഴേക്കും ....സുഖം............. ഭയങ്കരമായ സുഖം .........ഒരു പത്തിരുപതു മിനിട്ട് സുഖം ...........

തിരക്കൊഴിഞ്ഞു ഇറങ്ങാന്‍ നേരം അവള്‍ അവളുടെ മാനം കാത്തതിന് തിരിഞ്ഞു നോക്കി ചിരി തൂകി നന്ദിയറിയിച്ചു........

ഞാന്‍ പറഞ്ഞു .....
....അമ്മയോട് പറയണം ചോറ്പാത്രം ചൂടാറ്റി വെക്കാന്‍...........ഹോ .........

അവള് ചരിച്ചു ..........ബസ്സില്‍ കൂട്ടച്ചിരി.....എന്റെ മാനം കപ്പല് കേറി ...........

എനിക്ക് പത്തിരുപതു മിനിട്ട് ഭയങ്കരമായ സുഖം തന്ന ചോറ്റും പാത്രം ഇതിനു മുന്‍പ് യഥാര്‍ത്ത ജാക്കികളെ തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ ...........

Tuesday, January 26, 2010

പ്രശ്നം പ്ലൈനാണ് ............(എന്‍റെ നാട്ടില്‍ കേട്ടത് ....)

ഞായറാഴ്ചകളില് പള്ളിവിട്ടാ വെട്ടു കടവിന്ന് ഒരു ഒന്ന് ഒന്നര കിലോ ഇറച്ചി,അര കിലോ കായ, അപ്പു നായര്ടെ കടെന്നു ഒരു ചായ .....അത് ഞങ്ങടെ ദേശത്തെ ഇടത്തരം നസ്രാണികളുടെ ആത്മാഭിമാനവും ,ആവശ്യവുമാണ് ............
.
മേല്‍ത്തരം നസ്രാണികള്‍ എറച്ചി മേടിച്ചങ്ങു പോകും നായര്ടെ ചായക്കടെല് കേറാറില്ല .

ചോന്മാരും, നായന്മാരും ,ഇച്ചിരി താഴ്ന്നോരും കുശുമ്പും, കുന്നായ്മയും ,ഇത്തിരി നാട്ടുകര്യോം ,ഒത്തിരി ലോക കാര്യോം അര ഗ്ലാസ് ചായക്കൊപ്പം വെളംബണ വെട്ടു കടവിലെ ഒരു അന്താരാഷ്ട്ര സിണ്ടിക്കേറ്റ്..........അവിടെ മേലാളന്‍മാരു കേറെണ്ട ആവശ്യമില്ല ............
...............നായരേ ഒരു ചായ...................
...........കുടിക്കനാണോ ..........മാപ്ലേ ...............
...........ല്ല ന്‍റെ നായരേ കൊതം കഴുകാന ..................
ന്‍റെ വെല്ലിപ്പനായതോന്ടല്ല, വറീത്‌ മാപ്ല ഉരുളക്കുപ്പേരിയുടെ തല തൊട്ടപ്പനാണ്............ഒരു ചിരിക്കുള്ള വക അങ്ങേര് എന്നും ഉണ്ടാക്കും ...........അതൊരു ശീലമാണ്..............
......................നായരേ തെങ്ങിന് കാറ്റ് വിഴ്ച ..............തേങ്ങ കൊറഞ്ഞു..............
പൊട്ടചാളെടെ കുഞ്ഞിപ്പാലു ചേട്ടന് അത് അവിടെ പറയണ്ട ഒരു ആവശ്യോം ഇല്ല ..പാവം ......

നെടുംബാശേരില് എയര്‍പോര്‍ട്ട് വന്നിട്ട് കഷ്ടി ഒരു മാസം ..........ഗ്രാമത്തിന്‍റെ നിശബ്ദതയെ കിരിമുരിച്ചു പ്ലൈനോക്കെ ഞങ്ങടെ തലയ്ക്കു മോളിലൂടെ തലങ്ങും വെലങ്ങും പറപറക്കണ സമയം ...........
പണിക്കാര്‍ വടക്ക് നിന്നും പടിഞ്ഞാറുനിന്നും ,തെക്കുന്നും ഇറങ്ങണ, പൊങ്ങന്ന വിമാനം നോക്കി പണി സമയം നിഴ്ചയിച്ചു കഴിഞ്ഞു .........
കപ്യാരും ,അച്ഛനും ,സത്യവിശ്വോസികളും വെളുപ്പിലെ അലാറം ഒരു വിധം ഉപേഷിച്ച് തൊടങ്ങി ......
ചാവാരായാ വെല്ലിമ്മമാര്‍ വരെ വീട്ടിനകത്തിരുന്നു പ്ലൈനിന്റെ സമണ്ട് കേട്ട് സമയം നിശ്ചയിച്ച് മരുമക്കള് പെന്ന്‍പിള്ളാരോട് കഞ്ഞിയും ചായയും ചോദിച്ചു സിരിയല്‍ ഷോകള്‍ക്ക് ഭംഗം വരുത്തുന്നു ..........
.ആകെ ഒരു വിമാനമയമാണ്............ പണ്ടൊക്കെ ഒരു പ്ലൈനിന്റെ സമണ്ട് കേട്ടാല്‍ ആകാശത്ത് നോക്കി വട്ടം ചുറ്റണ പിള്ളേര് മേലോട്ട് നോക്കാണ്ടായി........


............പ്ലൈനാണ് പ്രശ്നം കുഞ്ഞിപാലു ............അതിന്ടെയ കാറ്റു വിഴ്ച ..............

............അതിനെന്താ കൃഷി ആപ്പിസിന്നു നഷ്ടപരിഹാരം കിട്ടും..........
........അതെങ്ങനാ വറിതെ കിട്ടണത് ..............
...........ഒന്നൂല,ആപ്പിസര്ടെന്നു ഒരു ഫോമ്മങ്ങു മേടിച്ചു നമ്മടെ പരംബിന്‍റെ മോളിക്കോടെ പ്ലൈനു പോണ്ടോ .............. ,ഉണ്ടങ്കില്‍ എത്ര ...............ഏതൊക്കെ സമയത്ത് .......... എങ്ങോട്ടുള്ളത്................എന്നൊക്കെ പൂരിപ്പിച്ചു കൊടക്കണം ............അവര് വന്നു നോക്കി നഷ്ട്ടപരിഹാരം തരും ...............
....എനിക്ക് ജാതി ഒന്നുക്ക് 250, തെങ്ങ് ഒന്നുക്ക് 175 മൊത്തം പത്തു പതിനായിരംകിട്ടി .......... .....................
അയ്യാള് പാവം കൃഷി ആപ്പിസിപ്പോയി ..............ആപ്പിസര്‍ അയ്യാളെ ബ്ലോക്കാപ്പിസില് വിട്ടു..........അവിടന്ന് അയ്യാള് കലക്ടര്‍ ആപ്പിസു വരെപ്പോയി ...................
അവിടെയും ഫോം കഴിഞ്ഞതറിഞ്ഞപ്പോള്‍ അയ്യാള്‍ നിരാശനായി തിരിച്ചുപോന്നു ........................
പിന്നെയും പാവം നായര് ടെ കടെപ്പോയി ......ഒരു കാരിയവുമില്ല ..............
തന്‍റെ യാത്രയെ കുറിച്ച് വര്‍ണിച്ചു ..........ഫോം കിട്ടാനുള്ള കഷ്ട്ടപ്പാട്...........അയ്യാള്‍ പിന്ഗാമികള്‍ക്ക് വിവരിച്ചു ...................
അന്ന് വറിത് മാപ്ല പറഞ്ഞു ............
നെടുമ്പാശ്ശേരി എയര്‍പ്പോട്ടില് പോയി നോക്കരുതോ ...............
ആ പോക്കിന് ശേഷം............പിറ്റേന്ന് വന്നത് ..............ചേട്ടത്തി യായിരുന്നു .............അന്നവിടെ നായരും,വറിത് മാപ്ലയും കേട്ട തെറി..................... ,ഇവിടെ പറയാന്‍ കൊള്ളത്തില്ല ............

Monday, January 25, 2010

G – തേങ്ങ.......

തെങ്ങും, വാഴയും,കൊള്ളിയും ,ജാതിയും പോലെ നാണ്യ വിളകളാലും.വാറ്റ്,മണല്‍ മാഫിയ,ഗുണ്ടായിസം തുടങ്ങിയ ആവശ്യ സര്‍വിസുകളാലും സംബുഷ്ട്ടമായ മേലൂര്‍ ഗ്രാമം. മദ്യത്തിന് തീരെ മാര്‍ക്കറ്റ് ഇല്ലാത്ത ചാലക്കുടിയുടെ പള്ളക്ക്യാണ് മേലൂര്‍.പള്ള നിറയെ കളളുമായി നീങ്ങുന്ന മേലൂക്കാര്‍ ഒരു സുന്തരമായ കാഴ്ച തന്നെയാണ് .

ഇവിടെ ബൂര്‍ഷ്വാ മുതലാളിമാര്‍ രണ്ടു തരമാണ് ഒന്ന് പരമ്പരാഗത ഭൂസ്വത്ത് ഉള്ള ബൂര്‍ഷ്വകളും, രണ്ടു ,മേല്‍ പറഞ്ഞ ആവശ്യ സര്‍വിസുകള്‍ നടത്തി ബൂര്‍ഷ്വകള്‍ ആയവരും.ഒന്നാമത്തെ വര്‍ഗ്ഗത്തിന്‍റെ അടിസ്ഥാന വരുമാന മാര്‍ഗ്ഗം ജാതിക്കയും, തേങ്ങയുമാണ്.

അന്നന്നത്തെ അര കുപ്പി മദ്യത്തിനു വേണ്ടി പത്ത് ജാതിക്കായോ,തേങ്ങയോ മോഷ്ടിച്ച് വില്‍ക്കുന്നത് ഒരു വലിയ പാപമല്ലെന്നു ദരിദ്ര നാരായണന്‍ മാരായ വയസന്‍ കുടിയന്‍ മാര്‍ മുതല്‍ ചെറുപ്പക്കാരായ കോളേജ് കുമാരകുടിയന്‍മാര്‍ വരെ വിശ്വസിച്ചിരുന്ന മേലൂര്‍ ഗ്രാമം . അതിന്‍റെ വടക്കേ മൂലയാണ് വടക്കുമുറി എന്ന പേരില്‍ പ്രസിദ്ധമായ എന്‍റെ ജന്മ നാട്.
ഒരു ഇടവക പള്ളിയും,പള്ളിക്ക് നാലു കുടുംബയൂണിറ്റും,അതില്‍ ഞങ്ങടെ യൂണിറ്റില്‍ ആകെ യുള്ള പത്തന്പത് വീട്ടു കാരില്‍ നാല്പത്തിയഞ്ജും നസ്രാണികള്‍.അതില്‍ ഭൂരിഭാഗവും ബൂര്‍ഷ്വാ മുതലാളിമാര്‍ ,ബാക്കി രണ്ടു മൂന്ന് നായന്മാരും,മൂന്നാല് ചോന്മാരും . അത്ര മാത്രം .

സോഷിലിസം ആവശ്യമാണെന്ന് അച്ഛന്‍ പള്ളില് പറഞ്ഞിട്ടുണ്ടെന്ന് അന്തോണിചേട്ടന്‍ ഒരിക്കെ ഷാപ്പിലിരുന്നു പറഞ്ഞു.അച്ഛന്‍ പറഞ്ഞത് കാള്‍മാക്സിന്റെ സോഷിലിസമല്ലെന്നും കര്‍ത്താവിന്റെ സോഷിലിസമാണെന്നും ഞാന്‍ തിരുത്തി.കര്‍ത്താവ് കമ്മ്യുണിസ്ട്ടാനെന്ന അറിവ്‌ അന്തോണിചേട്ടനിലെ കോണ്ഗ്രസ്സ് കാരനെ ഉണര്‍ത്തി................
.പറ്റും പൊറത്ത് അച്ഛനെ നാലുതെറിയും പറഞ്ഞു പാര്‍ട്ടി ആപ്പിസിന്റെ മുന്നില്‍ നിന്ന് അന്തോണി ചേട്ടന്‍ അന്നാമ ചേടത്തിയുടെ ആത്മശാന്തിക്കായി പ്രാര്‍ഥിച്ചു ..........
കര്‍ത്താവ് കമ്മ്യൂണിസ്റ്റാണെങ്കില്‍ ഞാനും കമ്മ്യുണിസ്റ്റാകുന്നു വെന്നു ആ നല്ല കുഞ്ഞാട് ഉച്ചസ്വോരത്തില്‍ അവിടെ നിന്ന് വിളിച്ചു കൂവി.അത് ലോകമറിഞ്ഞു
അങ്ങനെ പൊട്ടുകുത്തി ബിജുവും ,അയ്യംകുളം അഭിലാഷും(പാര്‍ട്ടി അംഗത്വം ലഭിച്ചവര്‍)ഞാനും,അന്തോണി ചേട്ടനും (അനുഭാവികള്‍) വടക്കുമുറിലെ പാര്‍ട്ടി നാലായി വികസിച്ചു .
എന്‍റെ ഗജാന്ജി സ്ഥാനത്തിന് താഴെ ഞാന്‍ അന്തോണി ചേട്ടന്റെ പേര് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിചേര്‍ത്ത് ക്രിതാര്ത്തനായി ............

മോഷണം അതാണ്‌ പ്രശ്നം ,അതാണ് കഥ,അച്ഛന്‍ കമ്മിറ്റി വിളിച്ചു,ഞായറാഴ്ച് ആദ്യ കുര്‍ബ്ബാന കഴിഞ്ഞു.രണ്ടു കോഴിയെയും,രണ്ടു കുപ്പി പാലും ,ഒന്നുരണ്ടു കാഞ്ഞ നേന്ദ്രകുലയും കയ്ക്കാരന്‍ ആയ വിലക്ക് ലേലം വിളിചെടുത്തു,
ശേഷം കമ്മിറ്റി..
പറമ്ബിന്നു തേങ്ങ മോഷണം പതിവാണ്...........ജോര്‍ജ്ജ് ചേട്ടന്‍ പറഞ്ഞു,
ജാതിക്കായും ............അടക്കയും ..............കൊള്ളിയും .........
ഒച്ചപ്പാടിനിടയില്‍...........
കോഴിയും ..............പോണ്ട് .എന്‍റെ വിലാപം ആരും കേട്ടില്ല......
നിന്‍റെ വയ്റ്റിലേക്കല്ലേ ......ആരോ ഇടയ്ക്കു പറഞ്ഞു..... ഞാനടക്കം പല പിള്ളേരും അത് ശ്രദ്ധിച്ചില്ല .............ആവശ്യമില്ലാത്ത കാര്യങ്ങള്‍ നമ്മള്‍ ശ്രധിക്കേണ്ടതില്ല.
ഒടുക്കം പോലീസ് നിഷ്ക്രിയരാനെന്നു പള്ളികമ്മിറ്റി പ്രമേയം പാസാക്കി... ഞങ്ങള്‍ ആമഹത്തായ കണ്ടുപിടുത്തത്തിന് ആര്‍ത്ത് കയ്യടിച്ചു.
ജോര്‍ജ്ജ് ചേട്ടന്‍റെ തേങ്ങ എങ്ങോട്ട് പോണെന്നു ഞങ്ങള്‍ക്കറിയാം ........അത് നിങ്ങക്ക് എങ്ങനെ അറിയാം എന്ന ചോദ്യം വരുമെന്നതറിയാവുന്നതുകൊണ്ട്..........ആ ഉത്തരം മാത്രം ലോകം അറിഞ്ഞില്ല ....
ഞങ്ങളെപോലെ ജോര്‍ജ്ജ് ചേട്ടന്‍ പാഞ്ഞ്ജി (ഫ്രാന്‍സിസ്)ചേട്ടനെ തന്നെ സംശയിച്ചു........
അതൊരു കുടുംബപരമായ സംശയമാണ് ........രണ്ടു പുരാതനമായ ക്രിസ്ത്യന്‍ മാടമ്പികള്‍ തമ്മിലുള്ള ഒരു ചെറിയ സംശയം .....
ആ സംശയം തേങ്ങയില്‍ മാത്രമല്ല ജീവിതത്തിന്‍റെ പല മേഖലകളിലും വ്യാപിച്ചു കിടക്കുന്നു.അത് ജാതിക്യാ,അടക്യ,ഭാര്യ അങ്ങനെ തുടങ്ങി പറംമ്പിലെ മണല്‍ തരിയെ പോലും അവര്‍ സംശയത്തോടെ നോക്കി ....................

ജോര്‍ജ്ജ് ചേട്ടന്‍റെ തേങ്ങകള്‍ പിന്നെയും മൂത്തു,..............
വെട്ടിയിറക്കിയ തേങ്ങകള്‍ ഒരു മൂലയ്ക്ക് കൂട്ടിയിട്ടു,............
കള്ളന്മാര്‍............
ഒരു നിശ്വോസത്തോടെ ജോര്‍ജ്ജ് ചേട്ടന്‍തന്‍റെ കൂര്‍മ ബുദ്ധി മൂര്‍ച്ചകൂട്ടി ..........

പിറ്റേ ദിവസവും തേങ്ങ കുറഞ്ഞു, ജോര്‍ജ്ജ് ചേട്ടന്‍ സന്തോഷിച്ചു,ആര്‍ത്തുല്ലസിച്ചു ...........

വടക്കുമുറിയിലെ തെങ്ങാകള്ളനെ കയ്യോടെ പിടികൂടാന്‍ പള്ളിവിട്ട് കരപ്രമാണിമാരും,അച്ഛനും,പിന്നെ വാര്ത്തകേട്ടിഞ്ഞു ഞങ്ങള്‍ ചിലരും ജോര്‍ജ്ജ് ചേട്ടനു പിന്നാലെ.....................

പാഞ്ഞ്ജി ചേട്ടന്‍റെ വീട്ടു പടിക്കല്‍ ......

പാഞ്ഞ്ജി ഒറക്ക ചടവില്‍ വാതില്‍ തുറന്നു........പകപ്പ് ഉള്ളില്‍ മാത്രം ..........

ജോര്‍ജ്ജ് ചേട്ടന്‍റെ തേങ്ങ അങ്ങേര് അര്ബാനിലേക്ക് (ഉന്തു വണ്ടി ) പറക്കി പറക്കി ഇട്ടു ഇരുപത്തിനാലു വരെ എണ്ണി വണ്ടി മാറ്റി വച്ച് ..കുറചെണ്ണി മാറ്റിയിട്ടു .............മൊത്തം ഒരറുപതെണ്ണം വരും.............

നീയിതെന്നതാ കാണിക്കുന്നേ .............
ഒന്നൂല പാഞ്ഞ്ജി എന്‍റെ തേങ്ങയങ്ങ് മാറ്റിത...........
എന്‍റെ മുറ്റത്തെ തേങ്ങയെങ്ങനാ നിന്റെതാവണെ..............

അതൊരു ചെറിയ ഐഡിയ ............
കണ്ടോ ..........എന്‍റെ തെങ്ങേമേ ഇന്നലെ ഞാനങ്ങു G യെന്നു കോറിയിട്ടു......... G ന്നു പറഞ്ഞാ ജോര്‍ജ്ജ്............

കണ്ടോ ദാ കെടക്കനതൊക്കെ G തേങ്ങയ ............

പാഞ്ഞ്ജി ഒന്നും മിണ്ടീല.............


ഭയങ്കരം ...ഞങ്ങള്‍ അതിശയിച്ചു പോയി .........

അന്ന് മൊതല് നാട്ടില് G, K, A ,തുടങ്ങി അല്ഫബെറ്റിലെ പലതരം അക്ഷരങ്ങള്‍ കൊണ്ട് സങ്കരയിനം തേങ്ങകള്‍ റിലിസായി ..........

Saturday, January 23, 2010

രക്ഷകന്‍റെ മുഖം..........

പുറത്തു ചാട്ടവാറടികളും,ഗര്‍ജ്ജ്നങ്ങളും........ഞാന്‍ ഉറങ്ങിപ്പോയതായിരുന്നു,ശ്ശെ!!!
ഈ സത്രത്തിലെ ഉറക്കം തിരെ ശരിയാവില്ല ...........നാശം ............
പിറുപിറുപ്പുകള്‍ ക്കിടയില്‍ കിളിവാതിലിലൂടെ പുറത്തെ കാഴ്ചകള്‍ ..........വധിക്കാന്‍ വിധിക്കപ്പെടുന്നവരുടെ വിലാപങ്ങള്‍ അതീ ഗാഗുല്‍ത്താ താഴ്വരക്ക് പുതിയൊരു അനുഭവമല്ല..........
ആര് ,എന്തിന്?.....അതുപോലും ആരും അന്വേഷിക്കാറില്ല .............പക്ഷെ .ഇന്ന് തെരുവ് ജനസാന്ത്രമാണ്,വിലാപങ്ങള്‍ ജനത്തിന്റെയാണ്...
.ഞാന്‍ പതിവിലേറെ ഷീണിതനാണ് ഉറങ്ങണം.പലപ്പോഴും ഇങ്ങനെയായതുകൊണ്ട് തന്നെ പല കാഴ്ചകള്‍ക്കും ഞാന്‍ മെനക്കെടാറില്ല .........
എന്തെങ്കിലും കഴിക്കണം .........ഞാന്‍ ഭിത്ത്യനോട് ഭക്ഷണം എത്തിക്കാന്‍ ആവശ്യപ്പെട്ടു.........അയ്യാളുടെ മുഖത്തെ മ്ലാനതയുടെ കാരണം എനിക്കറിയേണ്ടന്നു അറിഞ്ഞുകൊണ്ട് തന്നെ അയ്യാള്‍ പറഞ്ഞു........ഞങ്ങളുടെ രക്ഷകനെ ആപാപികള്‍ ക്രൂശിലേറ്റുന്നു...........
എന്‍റെമുഖത്തെ നിസ്സന്ഗത അയ്യാളെ അത്ഭുത പെടുത്തിയില്ല...........പകരം രണ്ടു തുള്ളി കണ്ണീര്‍ ഇറ്റിച്ചു കൊണ്ട് തല കുനിച്ചു അയ്യാള്‍ തിരിച്ചു പോയി.............
വീണ്ടും കിളിവാതിലുകള്‍ എനിക്ക് കാഴ്ചയേകി,ആ വിലാപ യാത്ര മലമുകളിലേക്ക് എത്തുന്നത് എനിക്ക് കാണാന്‍ കഴിയുമായിരുന്നു .........പക്ഷെ രക്ഷകനെ മാത്രം ഞാന്‍ കണ്ടില്ല .............
ഭക്ഷണ പാത്രങ്ങളുടെ കൂട്ടിമുട്ടലുകള്‍ എന്‍റെ കാഴ്ചയെ തിരിച്ചു..................
..................ആരാണ് അയ്യാള്‍ ...................
.........................ദൈവപുത്രന്‍ .................
....................................എന്നിട്ട് എന്തിനയ്യാളെ കുരിശില്‍ തറയ്ക്കുന്നത്............
..................................അദ്ധേഹം സാധാരണകാരന് വേണ്ടി ജീവിച്ച സാധാരണക്കാരനാണ് ...........
.........................കൊള്ളാം ..............
അയ്യാള്‍ പുറത്തേക്കു പോയി ..........
.......................ദൈവപുത്രന്‍ .................
.................ദൈവപുത്രന്‍ ......... രക്ഷകന്‍ ........ഒന്ന് കാണുക തന്നെ ............

തെരുവ് വിജനമാണ്,.............നിശബ്ത ഇരുളിനെ ഭയാനകമാക്കുന്നു ..............ചോരയുടെ മണം മനസ്സിനെ വരെ ഗ്രസിച്ചിരിക്കുന്നു...........
കാഴ്ചകളില്‍ ഗാഗുല്‍ത്ത വിജനമാണ് ............മനസ്സിലെ ഭയം കയ്കാലുകളിലേക്ക് പകര്‍ന്നുകിട്ടിയിരിക്കുന്നു................................ ഇരുണ്ട പ്രകാശം നല്‍കിയ കാഴ്ചയില്‍ രക്ഷകനെ കുരിശില്‍ ഞാന്‍ കണ്ടില്ല .............
ഹൃദയം നിറഞ്ഞ വേദനയാല്‍ ഞാന്‍ അവിടെ ആകുരിശിന്റെ താഴെ കിടന്നു കരഞ്ഞു..................പെട്ടന്ന് നനുത്ത ഒരു കൈ എന്നെ വിളിച്ചുണര്‍ത്തി ................

.....................എണീറ്റ്‌ പള്ളി പോടാ .............
ഞാന്‍ തിരിഞ്ഞു നോക്കി ...........എന്താടാ കണ്ണ് കലങ്ങിയിരിക്കുന്നെ ..................
....................അതെങ്ങന കുടിച്ചു കുടിച്ചു നീ യിനി അപ്പനെപ്പോലെ ആയിക്കോ ....ഞായറാഴ്ചയെങ്കിലും നേരെ ചൊവ്വേ എണീറ്റ്‌ പള്ളി പോടാ ..............അമ്മ പിറുപിറുത്തു അടുക്കളയിലോട്ടു പോയി..............
....................നാശം ............ഒറങ്ങാനും സമ്മതിക്കില്ല ............
കണ്ണ് വല്ലാതെ ചുവന്നിരിക്കുന്നു ..........മുഖത്തെ മ്ലാനത സ്വപ്നത്തിന്‍റെ തീവ്രതയെ അളന്നു............
അച്ഛന്റെ പ്രസംഗം അവസാന ഘട്ടത്തില്‍...അതാണ് പതിവ്........പുറകിലെ പുരുഷാരത്തിലേക്ക് ഒരു ഊളിയിറക്കം..............
അച്ഛന്‍ ഓസ്തി ആശീര്‍വദിച്ചു ജനങ്ങളിലേക്ക് നീട്ടി .......പത്തോ ഇരുപതോ പേര്‍ അങ്ങോട്ട്‌ നിങ്ങി .............എന്‍റെ മുഖത്തെ മ്ലാനത മറ്റുള്ളവരിലേക്കും പടര്‍ന്നിരിക്കുന്നു ..............അവര്‍ ഒരു പക്ഷെ രക്ഷകനെ കണ്ടില്ലായിരിക്കാം...........
ഓസ്തി സ്വീകരിച്ച് മടങ്ങുന്നവരുടെ മുഖത്തും മ്ലാനത .........
എന്നും പള്ളിയില്‍ വന്നു പ്രാര്‍ഥിക്കുന്നവര്‍.......കുമ്പസാരിക്കുന്നവര്‍ ............കുര്‍ബാന സ്വികരിക്കുന്നവര്‍ ................എന്നിട്ടും അവരെന്തെ രക്ഷകനെ കാണാതിരുന്നത് ......................
എന്‍റെ കണ്ണെറിയലുകള്‍ കണ്ടത് .................,ഒളി കണ്ണുകള്‍ക്കും ,സാരിതലപ്പുകള്‍ക്ക് ഇടയിലും മ്ലാനത പരന്നൊഴുകുന്നു .................ആരും രക്ഷകനെ കണ്ടില്ല ..............

ഞാന്‍ പുറത്തേക്കിറങ്ങി .......................
പള്ളി മേടയിലെ കുരിശിലേക്ക് എന്‍റെ കാഴ്ച തിരിഞ്ഞു .............. പക്ഷെ അവിടെയും രക്ഷകന്‍ മുഖം തന്നില്ല .......................

ആരും അവിടത്തെ ഹൃദയത്തെ തൊട്ടില്ല ................. അവിടുത്തെ മുഖത്തേക്ക് നോക്കിയുമില്ല.........................................

Friday, January 22, 2010

വിശ്വാസം,കച്ചവടം,ലവ് ലെറ്റര്‍ ............

വിശ്വാസം.........

എനിക്ക് ജനിക്കുവാന്‍ വേണ്ടി ഒരു ഗര്‍ഭ പാത്രവും.........
ജീവിക്കുവാന്‍ വേണ്ടി ഒരു ഭൂമിയും ...........
മരിച്ചാല്‍ ഒരു തീ ഗോളവും കരുതിവച്ച ............
ദൈവത്തിലാണ് എനിക്ക് വിശ്വാസം ............

കച്ചവടം.............

മൂന്നു നേരത്തെ ഭക്ഷണത്തിനും, ഉടുതുണിക്ക് ഒരു മറു തുണിക്കും വേണ്ടി
അവള്‍ തന്‍റെ ചാരിത്ര്യം അവനു വിറ്റു..........
ഇത്തിരി പണത്തിനും ഒരു കുപ്പി റംമ്മിനും വേണ്ടി
അയ്യാള്‍ അതു മറച്ചു വിറ്റു........
ആ കച്ചവടം ഒരു ലാഭകച്ചവടമാണെന്ന് തിരിച്ചറിഞ്ഞ അയ്യാള്‍ .........
പുതിയ അസംസ്കൃതവസ്തുക്കളെ തേടിയിറങ്ങി............

ലവ് ലെറ്റര്‍ ............

അവളെ കാണുമ്പോഴൊക്കെ എന്‍റെ പ്രണയം പറയാന്‍ ഞാന്‍ കൊതിച്ചിരുന്നു .........
കൂട്ടുക്കാരോടൊക്കെ അവളെ കുറിച്ച് ഞാന്‍ വാചാലനായി.....
ഒരിക്കല്‍ ആ ബസ്‌ സ്റ്റോപ്പില്‍ എന്‍റെ കൂട്ടുകാരുടെ മുന്നില്‍ വച്ച് അവള്‍ മടക്കി പിടിച്ച ഒരു ലവ് ലെറ്റര്‍ എന്‍റെ നേരെ നീട്ടി,ഞാന്‍ പ്രണയ പൂരിതനായി അവളെ നോക്കി ,അവള്‍ സ്നേഹപൂര്‍വ്വം എന്നോട് പറഞ്ഞു ഈ ലെറ്റര്‍ മറക്കാതെ ചേട്ടന് നല്‍കണം കേട്ടോ ..........
എന്‍റെ പ്രണയം അവസാനിച്ചിരിക്കുന്നു .............

Wednesday, January 20, 2010

എന്‍റെ സങ്കീര്‍ത്തനങ്ങള്‍...........

1 അന്ന് .........

അവരെന്നെ കൂടാരങ്ങളിലേക്ക് ഷണിച്ചു...........

അവിടെ വച്ച് അവരെന്നെ ചരിത്രം പഠിപ്പിച്ചു .......
സമത്വം, സാഹോദര്യം,മാനുഷികത .........
രാഷ്ട്രീയമീമാംസഎന്നിവയെ പറ്റി വാചാലരായി..........
ഞാന്‍ അത് സമ്മതിച്ചുകൊണ്ട് പിറുപിറുത്തു ..........
ഞാന്‍ അവരോടു അക്രമ രാഷ്ട്രിയത്തെ കുറിച്ച് ചോദിച്ചു.........
അത് വരുന്ന വഴിയെ കുറിച്ചും വിവരിച്ചു .........
അതിനവര്‍ പറഞ്ഞു ..........
ഞങ്ങള്‍ വിപ്ലവത്തില്‍ വിശ്വസിക്കുന്നു.........
2

അവരെന്നെ ബാറുകളിലേക്ക് ഷണിച്ചു...........

അവിടെ വച്ച് അവരെനിക്ക് മദ്യം പകര്‍ന്നു തന്നു .......
വിപ്ലവത്തിന്‍റെ ലഹരിയെ കുറിച്ച് വര്‍ണിച്ചു .........
അതിന്‍റെ ആവശ്യഗതയെ പറ്റി വാചാലരായി.........
ഞാന്‍ അത് സമ്മതിച്ചുകൊണ്ട് പിറുപിറുത്തു ..........
ഞാന്‍ അവരോടു മദ്യബില്ലുകളെ കുറിച്ച് ചോദിച്ചു .......
അത് വരുന്ന വഴിയെ കുറിച്ചും വിവരിച്ചു .........
അതിനു അവരെന്നോട് പറഞ്ഞു ..........
ഇവര്‍ വിപ്ലവത്തില്‍ വിശ്വസിക്കുന്നു .........

3 ഇന്ന്............

അവരെന്നെ കൂടാരങ്ങളിലേക്ക് ഷണിച്ചു...........

അവിടെ വച്ച് അവരെനിക്ക് വിപ്ലവം പകര്‍ന്നു തന്നു .......
വിപ്ലവ നായകരെ കുറിച്ച് വര്‍ണിച്ചു .........
അതിന്‍റെ ആവശ്യഗതയെ പറ്റി വാചാലരായി..........
ഞാന്‍ അത് സമ്മതിച്ചുകൊണ്ട് പിറുപിറുത്തു ..........
ഞാന്‍ അവരോടു തൊഴിലില്ലായ്മയെ കുറിച്ച് ചോദിച്ചു.........
അത് വരുന്ന വഴിയെ കുറിച്ചും വിവരിച്ചു .........
അതിനവര്‍ പറഞ്ഞു ..........
ഞങ്ങള്‍ ആശയങ്ങളില്‍ ജീവിക്കുന്നു .........
4

അവരെ ഞാന്‍ ബാറുകളിലേക്ക് ഷണിച്ചു...........

അവിടെ വച്ച് അവര്‍ക്ക് ഞാന്‍ മദ്യം പകര്‍ന്നു കൊടുത്തു .......
ലഹരിയുടെ വിപ്ലവത്തെ കുറിച്ച് വര്‍ണിച്ചു .........
അതിന്‍റെ ആവശ്യഗതയെ പറ്റി വാചാലനായി.........
അവര്‍ അത് സമ്മതിച്ചുകൊണ്ട് പിറുപിറുത്തു ..........
അവര്‍ എന്നോടു മദ്യബില്ലുകളെ കുറിച്ച് ചോദിച്ചു .......
അത് വരുന്ന വഴിയെ കുറിച്ചും വിവരിച്ചു .........
അതിനു ഞാന്‍ അവരോടു പറഞ്ഞു ..........
ഞാന്‍ ഗള്‍ഫില്‍ പണിയെടുത്തു ജീവിക്കുന്നു .........

Tuesday, January 19, 2010

പച്ച മാങ്ങകള്‍.....

ജീര്‍ണതയുടെ ആലസ്യത്തില്‍ നിന്നിരുന്ന ആ വീടിനെ ചുറ്റി പറ്റി ആയിരുന്നു ഒന്ന് രണ്ടു യക്ഷികളും, മച്ചില്‍ നിറയെ വവ്വാലുകളും.താഴത്തേതില്‍ മരപ്പട്ടികളും,പത്തിരുപതു മൂര്‍ഖന്‍ പാമ്പുകളും,ആവശ്യത്തിലധികം തൊരപ്പനെലിയും,ഇടിഞ്ഞു വീണ ചുവരുകള്‍ക്ക് പുറത്ത് ചുറ്റും പാലയും , തേക്കും, പ്ലാവും, മാവും നിറയെ ചക്കയും മാങ്ങയും അത് തിന്നാന്‍ വരുന്ന ആര്ടിയോയും , അണ്ണാനും,തത്തയും പിന്നെ പേരറിയാത്ത ഒരുനൂറുകിളികളും ,വശ്യ സുന്ദരമായ ആവാസവ്യവസ്ഥ..

ആര്ടിയോ അതൊരു ജീവിയല്ല,അയ്യാളാണ് ഈ അഞ്ചെട്ട് ഏക്കറോളം വരുന്ന പറമ്പിന്റെ ഒടമ.ഒരു ഷുഗറനായ റിട്ടയെട് ആര്ടിയോ. അയ്യാളാണ് പലപ്പോഴും കഥാഗതിയില്‍ വില്ലന്‍. അയ്യാളെ പിന്നീട്ഷുഗര്‍ എന്നെന്നേക്കുമായി ഏറ്റെടുത്ത് പള്ളിപറമ്പില്‍ എത്തിച്ചു .....

ആര്ടിയോ ആയിരുന്ന കാലത്ത് വേണ്ടതിലധികം കയ്ക്കൂലി മേടിച്ചു നേടിയ പറമ്പ്. അന്ന് അവരുടെ വീട് ആ പ്രദേശത്തെ ചുരുക്കം ചില ടെറസ്സ് വീടുകളില്‍ ഒന്നായിരുന്നു .ഇന്ന് അയ്യാള് റിട്ടയെട് ആണ് എന്നാലും ആളുകള്‍ അയ്യാളെ ആര്ടിയോ എന്നെ വിളിക്കൂ. ,ആളൊരു ശുദ്ധനാണെന്നു മറിയാമ ചേച്ചി പറഞ്ഞിരുന്നു.ആര്ടിയോ ആയിരുന്നക്കാലത്ത് മറിയാമ ചേച്ചിയേയും ആറു പില്ലേരെയും പാര്‍ടികള്‍ക്ക് കൊണ്ട് പോയിരുന്നു,ആഴ്ചയില്‍ ഒരിക്കല്‍ സ്റ്റാര്‍ ഹോട്ടല്‍സില്‍ നിന്നായിരുന്നു ഫുഡ്‌..ഒരിക്കല്‍ പട്ട എണ്ണാന്‍ വന്ന മറിയാമ ചേച്ചി അമ്മയോട് പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്.പട്ട എന്ന് പറഞ്ഞാല്‍ തെങ്ങോല ,അവരുടെ പറമ്പായ പറമ്പില്‍ എല്ലാം അലഞ്ഞു അമ്മ തെങ്ങോലയും,പട്ടയുംവെട്ടി കൂട്ടും അന്ന് കാലത്ത് അടുപ്പില്‍ വച്ച് അതാണ്‌ കത്തിചിരുന്നത്,അത് എണ്ണാന്‍ മറിയാമ ചേച്ചിയെ വിളിക്കാന്‍ പോവുന്നത് എന്‍റെ പണിയാണ്. .ചിലപ്പോഴൊക്കെ ആര്ടിയോ ആയിരുന്നു പട്ട എണ്ണാന്‍ വന്നിരുന്നത്.എണ്ണാന്‍ വരുമ്പോ അയ്യാള് പറമ്പില്‍ വീണു കെടക്കണ പഴച്ചക്ക ആര്‍ത്തിയോടെ വാരിത്തിന്നനത് ഞാന്‍ കണ്ടിട്ടുണ്ട്.ഷുഗര്‍ആയതുകൊണ്ട് അവളൊന്നും തരില്ല,അയ്യാള്‍ അമ്മയോട് മറിയാമ ചേച്ചിയെ പറ്റി പരാതി പറഞ്ഞിരുന്നു..അമ്മക്ക്‌ അതില്‍ യാതൊരു വെഷമവും ഞാന്‍ കണ്ടിട്ടില്ല,പിശുക്കനാനെന്നും,മുറിച്ചോടത്ത് ഉപ്പ് തെക്കാത്തവന്‍ എന്നൊക്കെ അമ്മ അയ്യാള്‍ പോയ ശേഷം പിരുപിരുത്തിരുന്നു.പത്ത് പൈസക്ക് പോലും അയ്യാള്‍ കണക്ക് പറഞ്ഞിരുന്നു,ഇരുബന്‍ പുളിയും മാങ്ങയും അയ്യാള്‍ പറക്കികൊണ്ട് പോയി ഒണക്കി സൂഷിക്കും ,ഒരു പട്ടയോ ,ചൂട്ടോ ,ഒരു ചക്കയോ ,ഒരു മാങ്ങപോലും അയ്യാള്‍ ആര്‍ക്കും പണത്തിനല്ലാതെ കൊടുക്കത്തില്ല.ഒരു പിശുക്കന്‍ അത്ര മാത്രം .......
ആര്ടിയോ ഒരു രസികനാനെന്നു ഞാന്‍ കേട്ടിട്ടുണ്ട് ,പതിവായി കോഴികള്‍ മോഷ്ടിക്കപെടുന്നു എന്ന് പരാതി പറഞ്ഞ മറിയാമ്മചേച്ചിയോട് അത് നമ്മടെ മക്കളുടെ ശരീരത്തില്‍ തന്നെ കാണും എന്നയ്യാള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.അന്നൊക്കെ ഒന്ന് രണ്ടു കോഴിയെ ഞങ്ങടെ വിട്ടിന്നു പോയിട്ടുണ്ട്,

ആര്‍.ടി.ഓ യും, അണ്ണാനും,തത്തയും മാത്രമല്ല പച്ച മാങ്ങകള്‍ക്ക് നാലാമതൊരു അവകാശികള്‍ ഉണ്ടായിരുന്നു അത് ഞങ്ങള്‍ ആയിരുന്നു ഞങ്ങള്‍ മാങ്ങ കള്ളന്മാര്‍ മാത്രം ആയിരുന്നു.അന്നൊക്കെ കോഴിയെ പിടിക്കാനുള്ള സാങ്കേതികത ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല ..........ഞങ്ങള്‍ കരുത്താര്‍ജിച്ചു പ്രായ മായപ്പോഴേക്കും നാട്ടില്‍ കോഴിയില്ലതായി,ഒള്ളിടത്തെല്ലാം നല്ല നായകളും വന്നു.ഞങ്ങള്‍ വെറും മാങ്ങകള്‍ ആയി അവശേഷിച്ചു ........

മുറ തെറ്റാതെ എല്ലാ വേനലവധിക്കും മൂവാണ്ടന്‍ മാവുകള്‍ പൂക്കുകയു കാക്കുകയും ചെയ്തിരുന്നു .അന്നൊക്കെ കയ്യില്‍ കല്ലും വടിയുമായി ഞങ്ങള്‍ അതിനു കാവല്‍ നില്‍ക്കുകയും ആദ്യാവസാനം വിളവെടുക്കുകയും ചെയ്തിരുന്നു.എവിടെ നിന്നെന്നരിയാതെ മാവിന്‍ ചോട്ടിലേക്ക് ചാടി വീണ് ഞങ്ങളെ ഭീഷണിപ്പെടുത്തി ഓടിക്കാന്‍ ആര്ടിയോ എവിടെയൊക്കയോ ഒളിച്ചു നിന്നിരുന്നു .ഞങ്ങളെ കൊണ്ട് സഹിക്കെട്ട് അയ്യാള്‍ മാവുകള്‍ മൊത്തമായി അക്കൊല്ലം മുറിഞ്ഞു നല്‍കി. അക്കൊല്ലം മാവുകള്‍ പതിവിലും കൂടുതല്‍ പൂത്ത് കാച്ചു.... കചോടക്കാര് മരുന്നടിച്ചു എന്നാണ് പറഞ്ഞത്,കച്ചോടം എന്താണെന്നു അറിയാതിരുന്ന അണ്ണാനും കിളികളും അവിടെ തുടര്‍ന്നു.ഞങ്ങള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ കണ്ടുപിടിച്ചു ,മാഷിന്റെ പറമ്പ്............. .അടുത്ത വര്‍ഷങ്ങളില്‍ ആര്ടിയോയുടെ മാവുകള്‍ പൂത്തില്ല ....ഞങ്ങളോടൊപ്പം അണ്ണാനും കിളികളും പടിയിറങ്ങി അതുകൊണ്ട് തന്നെ ആര്ടിയോ യുടെ സേവനം ആ പറമ്പിനും മാവുകള്‍ക്കും വേണ്ടിവന്നില്ല.ആവശ്യമില്ലാത്ത ഒന്നിനെയും പ്രകൃതി ബാക്കി വച്ചില്ല................ .

ആര്ടിയോ ഓര്‍മയായി.അതിനു ശേഷം മാവുകള്‍ പിന്നെയും പൂത്തു,പച്ച മാങ്ങകള്‍ ഞങ്ങളെ നോക്കി ചിരിച്ചു ....കാരണം ഞങ്ങള്‍ ആ മാവുകളുടെ എഴുതപെടാത്ത അവാകാശികളായിരുന്നു

Saturday, January 16, 2010

നീയാണ് തെറ്റുകാരി...........

നീയല്ലേ എന്നെ ഇഷ്ട മാണെന്ന് ആദ്യമായി പറഞ്ഞത്............

നീയല്ലേ ഞാന്‍ നിന്‍റെ സ്വന്തമാണെന്നു പറഞ്ഞത്..........

നീയല്ലേ എനിക്ക് നാട്ടു മാങ്ങക്കൊപ്പം ചക്കരയുമ്മ തന്നത് .........

നീയല്ലേ അച്ഛന്‍ ഗള്‍ഫീന്നയച്ച അത്തറുതന്നത് .........

നീയല്ലേ എനിക്ക് തുടരെ തുടരെ പ്രണയലേഖനങ്ങളും സമ്മാന പൊതികളും തന്നത് ....

ഞാന്‍ എന്ത് ചെയ്തു ..........

നീ വരുബോള്‍ ബസ്‌ സ്റ്റോപ്പില്‍ നിന്നതോ?അവിടെ നീ മാത്രമാണോ വരുന്നത് .....

എന്നെ ഇഷ്ടമാണോന്നു ചോദിച്ചതോ ?നിന്നോട് മാത്രമാണോ ഞാന്‍ അത് ചോദിച്ചിട്ടുള്ളത്......

ഒരു മാങ്ങ ചോദിച്ചതിനാണോ നീയന്നു ഉമ്മ തന്നത് ..........

അച്ഛന്‍ ഗള്‍ഫിലായിട്ടും എനിക്കൊന്നുമില്ലേ എന്ന് കുശലം പറഞ്ഞതിനാണോ നീ യാ അത്തറുകള്‍ തന്നത് ........

നീ എന്തിനാണ് പ്രണയലേഖനങ്ങളും സമ്മാന പൊതികളും തന്നത് എന്ന് എനിക്ക് ഇന്നും അറിയില്ല ............

അക്ഷര തെറ്റ്കളുടെ മായലോകത്ത് നിന്നും ഞാന്‍ നുള്ളിപെറുക്കി വായിച്ചെടുത്ത നിന്‍റെപ്രണയലേഖന വരികളില്‍ നിന്‍റെ ഹൃദയമുണ്ട് എന്നറിഞ്ഞപ്പോള്‍ തിരികെ നല്‍കാന്‍ വന്നതാണോ ഞാന്‍ ചെയ്തതെറ്റ് .............

അന്നു നീയെനിക്കാ കയ് ചെയിന്‍ തന്നില്ലായിരുന്നെങ്കില്‍ ..........

ഇന്നും ഞാന്‍ ഈ പ്രണയലേഖനങ്ങള്‍ വായിക്കേണ്ടി വരില്ലായിരുന്നു......

നീയാണ് തെറ്റുകാരി...........

എന്‍റെ പ്രിയ്യേ ഈ മണലാരണ്യത്തില്‍ എത്തുന്നതിനു മുമ്പേ തന്നെ എന്‍റെ പ്രണയം അവസാനിച്ചു .....

Wednesday, January 13, 2010

പാടത്തെ മാതാവ്.......

പാടത്തെ മാതാവ്.......
..........അപ്പന്‍ ചെറുപ്പത്തില്‍ അവരെ അങ്ങനെയാണ് വിളിച്ചിരുന്നതെന്ന് എന്നോടോരിക്കല്‍ പറഞ്ഞിട്ടുണ്ട്,പാടത്ത്‌ തലയില്‍ ഒരു വെള്ള തോര്ത്തിട്ടു ആടിനെയും തീറ്റി നടന്നിരുന്ന സമപ്രായക്കാരിയെ കൂട്ടുകാര്‍ ചേര്‍ന്ന് കളിയാക്കി വിളിച്ചിരുന്ന ഒരു കളി പ്പേര് ..... .ഞാനും ഒരുതവണ അങ്ങനെ വിളിച്ചിട്ടുണ്ട്,ഒരു തവണ മാത്രം .

എന്റെ ജീവിതത്തിലെ ഒരു നല്ല കാലഘട്ടം,ഒരു പാട് കുട്ടുക്കാരും,കളികളും ,തമാശകളും നിറഞ്ഞ കുട്ടിക്കാലം. ജീവിതം ഇങ്ങനെയൊക്കെ ആണെന്ന് ഞാന്‍ പലപ്പോഴും അശ്വസിച്ചിട്ടുണ്ട്. ഒരു തലമുറ ഒന്നിച്ചു കളിച്ചു വളര്‍ന്നവര്‍,പിന്നീട്ഞാനടക്കമുള്ള എന്റെ കൂട്ടുകാര്‍ പലരും പല സ്വപ്നങ്ങളുമായി അറബിനാടുകളിലേക്ക് കടന്നപ്പോള്‍ ഒന്നുരണ്ടു പേര്‍ നാട്ടില്‍ തന്നെ ശേഷിച്ചു .യവ്വനത്തിന്റെ തീഷ്ണതയില്‍ സമൂഹം തെറ്റാണെന്നു പറഞ്ഞത്, ഞങ്ങളെല്ലാരും കൂടി ചെയ്തു വച്ചതിന്റെ പരിണതഫലം എല്ലാം
അവരാണ് അനുഭവിച്ചത് . അവര്‍ മതത്തിന്റെയും, ജാതിയുടെയും ,പ്രസ്ഥാനത്തിന്റെയും ,പണത്തിന്റെയും പേരില്‍ തെറ്റിപിരിയുകയും,ചേരിതിരിയുകയും ചെയ്ത വേദനാജനകമായ ഒരവസ്ഥ എന്റെ ആദ്യ ലീവിന് നാട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ അനുഭവിച്ചു

പല ദിവസങ്ങളിലും വയ്കീട്ട് പണിയും കഴിഞ്ഞു പാട വരമ്പിലൂടെ തലയില്‍ ഒരു സഞ്ചി നിറയെ അരിയും,പലവക സാധനങ്ങളുമായി പോകുന്ന ആ സ്ത്രീ.ജീവിതഭാരങ്ങള്‍ കഴുത്തിലും,കാതിലും,ആടയാഭരണങ്ങള്‍ ചാര്‍ത്തി,തൊലിയില്‍ കാര്‍ വര്‍ണ്ണം പതിച്ച് ജീവിതത്തിന്റെ ബാക്കി ആറുനിറങ്ങളും നഷ്ടപെട്ട ഒരു സ്ത്രീ.പലപ്പോഴും എന്നെക്കാന്നുമ്പോള്‍ സ്നേഹപൂര്‍വ്വം അരികില്‍ വിളിച്ചു സഞ്ചി താഴെയിറക്കി അതില്‍നിന്നു മക്കള്‍ക്ക് കൊടുക്കാന്‍ എടുത്ത് വച്ചിരിന്ന പരിപ്പ് വടയോ,ഉണ്ടന്‍ പോരിയോ ,എന്തായിരുന്നാലും എനിക്ക് തരുമായിരുന്നു.ഒരു തലമുറ ചെയ്ത സുകൃതത്തിന്റെ പരിണിത ഫലം .
അത് വളരെ പഴകിയ കഥയാണ്.തങ്ക ചേച്ചിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു.മകളുടെ വിവാഹം നാലഞ്ച് വര്‍ഷം മുന്നേ കഴിഞ്ഞു. ഞങ്ങള്‍ ചേര്‍ന്നാണ് അന്ന് കല്യാണ ത്തിന്‍റെ ഒരുക്കങ്ങള്‍ നടത്തിയത് .മകന്റെ കൂട്ടുകാര്‍ എന്നതിലുപരി സ്വന്തം മക്കളെ പ്പോലെ യായിരുന്നു ഞങ്ങള്‍ .പിന്നീട് സാഹചര്യങ്ങള്‍ ക്കനുസരിച്ച് ഞങ്ങളുടെ ജീവിതങ്ങള്‍ മാറിമറിഞ്ഞു.മണല്‍ മാഫിയയും, രാഷ്ട്രീയക്കാരും,യുവജന പ്രസ്ഥാനങ്ങളും ,ഞങ്ങളെ ഏറെ മാറ്റി.സുഹൃത്തുക്കള്‍ ശത്രുക്കളാകാനും ചേരി തിരിയാനും അധികം നാളെടുത്തില്ല.ഞാന്‍ നാട് കടന്നപ്പോള്‍ എന്നോടൊപ്പം സുഹൃത്ത്ബന്ധങ്ങള്‍ നാട് കടക്കപ്പെടുകയും,ഓര്‍ക്കാനഗ്രഹിക്കാത്ത പലതും മരിക്കുകയും ചെയ്തു.

ഞാന്‍ നാട്ടിലെത്തിയപ്പോള്‍ അവന്‍ യുണിയനില്‍ ചേര്‍ന്നിരുന്നു.എന്നെ പലപ്പോഴും കണ്ടെങ്കിലും കാണാത്തമട്ടില്‍ കടന്നുപോയി.അവന്റെ വീട്ടിലേക്കു പോകാനുള്ള പേടി എന്നെ അതിനു നിര്‍ബന്ടിച്ചില്ല.ഒരുദിവസം ഞാന്‍ അവനോടു തങ്ക ചേച്ചിയെ പറ്റി ചോദിച്ചു ,ഒന്നും പറഞ്ഞില്ല.

ഒരിക്കല്‍ ഞാന്‍ അവരെ വഴിയില്‍ വച്ച് കണ്ടു,അവരുടെ കണ്ണുകള്‍ എന്നെ തിരിച്ചറിഞ്ഞു ,പക്ഷെ ഹൃദയം അതിനു തയ്യാറായില്ല .മുറിപെട്ട ഹൃദയവുമായി അവര്‍ നടന്നു നീങ്ങുന്നത് ഒരിത്തിരി വേദനയോടെ ഞാന്‍ കണ്ടു നിന്നു.സ്നേഹം നിറഞ്ഞ മാതാവിനെ പോലെ ഹൃദയമുണ്ടായിരുന്ന അ സ്ത്രീ.ഒരു രാഷ്ട്രിയക്കാരന്റെ അമ്മയാകാന്‍ വേണ്ടി പണിപ്പെടുന്നതായി എനിക്ക് തോന്നി .......... അവര്‍ക്കരികില്‍ഓടിച്ചെന്നു ലോകം കേള്‍ക്കുമാറു ഉച്ചത്തില്‍ അത് വിളിക്കണമായിരുന്നു എന്ന് എനിക്ക് ഇന്ന് തോന്നുന്നു .
........പാടത്തെ മാതാവേ.............

എങ്കില്‍ അവരുടെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണുനീര്‍ ഇറ്റ് വീഴുന്നത് എനിക്ക് കാണാമായിരുന്നു .........ഇതായിരുന്നു പുതു തലമുറ ചെയ്ത സുകൃതത്തിന്റെ പരിണിത ഫലം .
......................

Tuesday, January 12, 2010

ജനിച്ചതുകൊണ്ട്..വന്ന ഭൂതവും,ഭാവിയും

ജനിച്ചത് കൊണ്ടാണ് വളര്‍ന്നതെന്നും,അതിനു ഭക്ഷണം ഒരു മൂല കാരണം മാത്രമാണെന്നും ,ദാരിദ്ര്യം കൂടിയത് കൊണ്ടാണ് ആശയങ്ങള്‍ ഉണ്ടായതെന്നും ,പ്രണയ മോഹങ്ങള്‍ മൂലമാണ് കവിതയെഴുതി തുടങ്ങിയതെന്നും ,അതുപിന്നീടു ആശയ സംവാദന മാര്‍ഗമായെന്നും.അപ്പന്‍ മുതലാളി അല്ലാതിരുന്നതുകൊണ്ടാണ് കമ്മ്യുണിസ്റ്റ് ചിന്താഗതികള്‍ ജന്മനാ വന്നതെന്നും ,അനുഭാവം മാത്രമാണുള്ളതെന്നും,പ്രവര്‍ത്തനങ്ങള്‍ കുറവായിരുന്നെന്നും.എന്ന് ഭൂതം ............
ദുബൈയില്‍ തരക്കേടില്ലാത്ത പണിയുള്ളതിനാല്‍ തല്ക്കാലം ബൂര്‍ഷ്വാസി ആകാമെന്നും,മുതലാളി ആവുക എന്നത് പരിഗണിക്കാവുന്ന കാര്യമാണെന്നും.പാര്‍ട്ടി വിശ്വാസികളെ ഉപേഴിച്ചാലും .ഇടവക കമ്മിറ്റി യില്‍ അംഗമാകാമെന്നും.പോതുപ്രവര്‍ത്തനം പള്ളിവക ആകാമെന്നും അമ്മ പറഞ്ഞു .പള്ളി യില്‍ അച്ഛന്‍ വിളിച്ച് ചൊല്ലി കെട്ട് നടത്തണമെങ്കില്‍ അതുവേണമെന്നും അമ്മ പറഞ്ഞു....കല്യാണ കാര്യമായതിനാല്‍ അമ്മ പറഞ്ഞതാണ് ശരിയെന്നു ഞാനും തിരുമാനിച്ചു.എന്ന് ഭാവി......

Monday, January 11, 2010

കുലത്തൊഴില്....

വഴിയരികില്‍ തന്നെ കാണുവനായു കത്തുനിന്നിരുന്ന ആ ചെറുപ്പക്കരനെ അന്നവള്‍ ആദ്യമായി ശ്രദ്ദിച്ചു. അയ്യാളുടെ കണ്ണുകളിലെ പ്രണയത്തിന്റെ തീഷ്ണത അവള്‍ തിരിച്ചറിഞ്ഞു. സായാഹ്ഗ്നങളിലെ ഇലപൊഴിയുന്ന ശിശിര കാറ്റിനൊപ്പം അവള്‍ തന്റെ പ്രണയം ആ ഇടവഴികളീല്‍ വച്ച് അവനു കൈമാറി. അച്ചനും അമ്മയും ഇല്ലെന്നറിഞിട്ടും തന്നെ ഇത്രയധികം സ്നേഹിക്കുന്ന ആ ചെറുപ്പക്കാരനു അവള്‍ അവളുടെ എല്ലാം നല്കി.................. ദുറ്ഗന്ഡം വമിക്കുന്ന ആ ചേരിയിലെ ഒരു സായാഹ്ഗ്നത്തില്‍ അയ്യാള്‍ അവളെ വീണ്ടും കണ്ടുമുട്ടി, അന്നവള്‍ അതു തന്റെ കുലതൊഴിലായി തിരഞ്ഞെടുത്തിരുന്നു...........

നീ എന്നോടു ഷമിക്കുക.......

അവളെ ഞാന്‍ ഒരുപാടു സ്നേഹിച്ചിരുന്നു,നിശബ്ദമായി കണ്ണോടു കണ്ണ് നോക്കി ഒരുപാട്. തിരക്കൊഴിഞ്ഞ ക്ലാസ്സ്‌ റൂമിന്‍റെ നിശബ്ദതയില്‍.മാത്തമാറ്റിക്സ് ക്ലാസിന്റെ വിരസതയില്‍ ,ഇടവേളകളില്‍ ,അവളെ ഞാന്‍ ഒരുപാടു സ്നേഹിച്ചു , ആദ്യമൊക്കെ വരാന്തകളിലെ ചില ആകസ്മികമായ കൂടിചേരലുകളില്‍ അവളില്‍ ഞെട്ടി വിരിഞ്ഞ പ്രകമ്പനങ്ങള്‍,എന്നെ അത്ഭുതപെടുത്തിയിരുന്നു.

അവളില്‍ ഒരു പ്രണയമുണ്ടെന്നു ഒരുപക്ഷെ ആദ്യമായി തിരിച്ചറിഞ്ഞതു ഞാന്‍ ആയിരിക്കാം.
അവള്‍ ഒരു സുന്തരി അല്ലായിരുന്നു.എന്നേക്കാള്‍ അധികം ഉയരം അവള്‍ക്കുണ്ടായിരുന്നു.അവളുടെ ശബ്ദത്തിനു ആരെയും ആകര്‍ഷിക്കാനുള്ള കഴിവില്ലായിരുന്നു.അവളുടെ മേനിയില്‍ ഞാന്‍ ഒരിക്കലും മാദക ഗന്ധത്തിന്‍റെ വേലിയേറ്റങ്ങള്‍ അനുഭവിച്ചിട്ടില്ല. ചിലപ്പോഴൊക്കെ അവളുടെ കയ്കളില്‍ കറുത്ത രോമകൂപങ്ങള്‍ക്കിടയില് എന്റെ വിരലുകള്‍ എന്തോ തിരഞ്ഞിരുന്നു .
അവളുടെ അധരങ്ങള്‍ക്ക് പനിനീര്‍പൂവിന്റെ ആര്‍ദ്രത ഉണ്ടായിരുന്നില്ല,അവളുടെ മേനിയുടെ ദൃഡത എന്നെ അത്ഭുതപെടുത്തിയിരുന്നു..........എന്നിട്ടും അവളെ ഞാന്‍ സ്നേഹിച്ചു.
ആ രണ്ടു വര്‍ഷത്തെ പ്ലസ്‌ടു പഠനത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ എന്റെ പ്രണയത്തെ അവളില്‍ നിന്ന് തിരിചെടുത്തില്ല........... അവള്‍ എന്നോടു ചേര്‍ന്നിരുന്നു എന്നിലലിഞ്ഞു .പക്ഷെ അവള്‍ അവളുടെ പ്രണയത്തെ അവളില്‍ തന്നെ ഒതുക്കി.ഞാന്‍ എന്താണെന്നു കാരണമെന്ന് ഒരിക്കലും അവളോട്‌ ചോദിച്ചില്ല.അവളുടെ മുഖത്ത്‌ വിരിയുന്ന അപകര്‍ഷതാ ബോധം ഒരു പുഞ്ചിരി യായി വിരിയുന്നതു ഞാന്‍ ഒരുപാടു തവണ കണ്ടിരിക്കുന്നു .......
നീ എന്നോടു ഷമിക്കുക.നീയും ഞാനും മാത്ര മറിഞ്ഞിരുന്ന .മറ്റാരും അറിയരുതെന്ന് നമ്മള്‍ ആഗ്രഹിച്ചിരുന്ന ആ നല്ല നിമിഷങ്ങള്‍ ഇവിടെ പകര്‍ത്തിയതിനു ..........